തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ അച്ചടക്ക നടപടി നേരിടുന്ന മുൻ എംഎൽഎ പികെ ശശിയുടെ വിദേശ യാത്ര ചർച്ചയാവുന്നു. പാലക്കാട്‌തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തിയതിലുള്ള അതൃപ്തിയാണ് വിദേശ യാത്രയക്ക് കാരണമെന്നാണ് സൂചന.
യൂറോപ്യൻ രാജ്യങ്ങളാണ് പികെ ശശി സന്ദർശിക്കാൻ ഇരിക്കുന്നത്. നവംബർ മൂന്ന് മുതൽ 16 വരെയാണ് വിദേശയാത്ര നടക്കുക. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനായി യുകെ, ജർമനി എന്നിവിടങ്ങളിലേക്കാണ് ശശി യാത്ര ചെയ്യുക.
കഴിഞ്ഞ ദിവസമാണ് കെടിഡിസി ചെയർമാനായ ശശിക്ക് വിദേശയാത്രക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. യാത്രയുടെ സമ്പൂർണ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.
അതേസമയം പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
Discussion about this post