തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസ്സാമിന്റെ വഴിവിട്ട നടപടികള്‍ക്കും മയക്കുമരുന്നു കടത്തടക്കമുള്ള ക്രിമിനല്‍ കേസുകള്‍ക്കും സഹായം നല്‍കുന്നത് സര്‍ക്കാരിലെ ഉന്നതരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും ഇതുവരെ ശിക്ഷിക്കപ്പെടാത്തത് ഇതിന്റെ തെളിവാണെന്നും മുരളീധരന് ആരോപിച്ചു.
കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളിലുള്ള സ്വാധീനത്തില്‍ കാലങ്ങളായി നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെയും ഗുണ്ടാമാഫിയ നടപടികളിലൂടെയും പണം സമ്പാദിക്കുകയാണ് നിസാം.കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന കണ്ണിയായ ഇയാളെ കുറിച്ച് സംസ്ഥാന പോലീസിന് നേരത്തെ തന്നെ അറിവു ലഭിച്ചിട്ടും നടപടിയുണ്ടായില്ല. നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിട്ടും പോലീസിന് ഇയാളെ തൊടാന്‍ പോലും കഴിഞ്ഞില്ല. ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയപ്പോളാണ് ഇയാള്‍ നിയമത്തിനു വിധേയനാകേണ്ടി വന്നത്.
നിസാമിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിലും പ്രതിപക്ഷത്തുമുള്ള ഉന്നതര്‍ സംരക്ഷണം നല്‍കുകയാണ്. സര്‍ക്കാരിലെ ഉന്നതര്‍ ഇയാളുടെ പണത്തിന്റെ പങ്ക് പറ്റുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അതിനാലാണ് ശരിയായ വഴിക്കുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
മുഹമ്മദ് നിസ്സാമിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ഇയാളെ സഹായിക്കുന്ന ഉന്നതരെക്കുറിച്ചും അന്വേഷണം ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
Discussion about this post