പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതികൾക്ക് ജീവപര്യന്തം കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ഇവർ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവർക്ക് ലഭിച്ച ശിക്ഷയിൽ ഞാൻ തൃപ്തയല്ല. ഇതിനെതിരെ അപ്പീലിന് പോകും എന്ന് ഹരിത മാദ്ധ്യമങ്ങളോട് പറഞ്ഞു . വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ കൊടും ക്രൂരതയ്ക്ക് ഇവർക്ക് ഈ ശിക്ഷ കിട്ടിയാൽ പോരാ.
അവർ ഇനിയും പുറത്ത് ഇറങ്ങിയാൽ എന്നെയും എന്റെ അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും. അവർ ഒരിക്കലും പുറത്ത് ഇറങ്ങാൻ പാടില്ല. ഇപ്പോഴും ഭീഷണിയുണ്ട് കൊല്ലും എന്ന് പറഞ്ഞ്. വിചാരണ ഘട്ടത്തിൽ എന്നെയും കൊല്ലുമെന്ന തരത്തിൽ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത് . എന്തൊക്കെയായാലും അപ്പീലുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ഹരിത കൂട്ടിച്ചേർത്തു.
എന്റെ മകനെ പച്ചയോടെ കൊന്നതാണ്. അതിനുള്ള ശിക്ഷ അവർക്ക് കിട്ടിയിട്ടില്ല. ഈ വിധിയിൽ തൃപ്തിയില്ല. സർക്കാരുമായി ബന്ധപ്പെട്ട് അപ്പീലിന് പോവും എന്ന് അനീഷിന്റെ അച്ഛൻ പറഞ്ഞു.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷിച്ചത്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു വിധിച്ചത്. ഇരുവർക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
Discussion about this post