കൊല്ലം: ലൈംഗിക ആരോപണത്തിന് പിന്നാലെ കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്നും രാജുവിനെ മാറ്റിയേക്കുമെന്നാണ് സൂചന. പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ പാർട്ടി രാജുവിനെതിരെ നടപടി സ്വീകരിക്കുന്നത്. നഗരസഭയിലെ താത്കാലിക ജീവനക്കാരിയാണ് രാജുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
ഭർത്താവിന്റെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് ചെന്നപ്പോൾ ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് ജീവനക്കാരിയുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതി രാജുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിൽ പാർട്ടി ജില്ലാ നേതൃത്വം രാജുവിനോട് വിശദീകരണം തേടിയെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് പോലീസിൽ യുവതി പരാതിപ്പെട്ടത്.
പോലീസ് കേസ് എടുത്തതിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേർന്നിരുന്നു. ഇതിലാണ് ചെയർമാനെ സ്ഥാനത്ത് നിന്നും നീക്കാനുള്ള ആലോചനയുണ്ടായത്.
അതേസമയം കരുനാഗപ്പള്ളി നിയമസഭയിൽ ചെയർമാൻ സ്ഥാനം നാല് വർഷം സിപിഎമ്മിനും ഒരു വർഷം സിപിഐയ്ക്കുമാണ്. രാജു നാല് വർഷക്കാലം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ രാജുവിനെ മാറ്റിയാലും ധാരണ പ്രകാരമുള്ള സ്വാഭാവിക നടപടി ആയിരിക്കും ഇത് എന്നാകും പാർട്ടി നൽകുന്ന വിശദീകരണം.
Discussion about this post