ബംഗളൂരു: കേരളത്തിന് പുറത്തേക്ക് രാത്രി യാത്ര മലയാളികൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രാത്രി യാത്ര ചെയ്യുന്ന മലയാളികൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് വിവരം. കവർച്ചയാണ് അക്രമികളുടെ മുഖ്യ അജണ്ട.
ഹൈവേകളിലും ആളൊഴിഞ്ഞ നിരത്തുകളിലും വച്ച് മലയാളികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി തോക്കിൻമുനയിലും കത്തിമുനയിലും ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കുന്നു. ഭീഷണിയ്ക്ക് വഴങ്ങാത്തവരെ ആക്രമിക്കുകയും ചെയ്യുന്നു. ബോധപൂർവ്വം അപകടങ്ങൾ ഉണ്ടാക്കി പണം തട്ടുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസം കസവനഹള്ളിയിൽ കാർ തടഞ്ഞുനിറുത്തി നടത്തിയ ആക്രമണത്തിൽ അഞ്ചുവയസുകാരന് പരിക്കേറ്റിരുന്നു. കുടുംബം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമമം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ കാർ തടഞ്ഞ് ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ ഗൃഹനാഥൻ കാർ മുന്നോട്ട് എടുത്തു. ഇതോടെ സംഘത്തിലെ ഒരാൾ കല്ലെടുത്ത് പിൻഗ്ലാസിലേക്ക് എറിഞ്ഞു. ഇങ്ങനെയാണ് അഞ്ചുവയസുകാരന് പരിക്കേറ്റത്.
സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്, കാർ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടർ യാത്രികൻ മർദിച്ചെന്ന പരാതിയുയർന്നതു 4 മാസം മുൻപാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സർജാപുര റോഡിൽ ദമ്പതികൾ സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ചു കവർച്ച നടത്താൻ ശ്രമിച്ച കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളരജിസ്‌ട്രേഷൻ വാഹനങ്ങൾ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാമെന്ന് ബാംഗ്ലൂർ മലയാളികൾ ആരോപിക്കുന്നു. രാത്രി പട്രോളിംഗ് ശക്തമാക്കുകയും അക്രമികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അപരിചിതർ വാഹനത്തിന് കൈ കാണിച്ചാൽ നിർത്തരുതെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വേഗത കുറയ്ക്കാതെ സഞ്ചരിക്കണമെന്നും മലാളികൾ നിർദ്ദേശിക്കുന്നു.
Discussion about this post