എറണാകുളം: യുപിഎ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് കോടികൾ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഇടത് മുൻ എംപി ഡോ. സെബാസ്റ്റിയൻ പോൾ. 25 കോടി രൂപയായിരുന്നു പിന്തുണ പ്രഖ്യാപിച്ചാൽ നൽകാമെന്ന് വാഗ്ദാനം ലഭിച്ചത്. ഇടത് പക്ഷം പിന്തുണ പിൻവലിച്ച സമയത്തായിരുന്നു ഈ ഓഫർ തനിക്ക് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
2008 ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആയിരുന്നു സംഭവം. അന്ന് ആണവ കരാറിന്റെ പേരിൽ ഇടത് പക്ഷം കേന്ദ്രസർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചിരുന്നു. ഈ സമയം സർക്കാർ താഴെ വീഴുമെന്നായി. ഇതോടെ തനിക്ക് പണം വാഗ്ദാനം ചെയ്തുള്ള സന്ദേശം എത്തുകയായിരുന്നു.
അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതരാണ് തന്നെ സമീപിച്ചത്. പിന്തുണ നൽകിയാൽ 25 കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. തുക കേട്ട് ഞെട്ടിപ്പോയി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ താൻ ചോദിച്ചില്ല. തൊട്ടടുത്ത ദിവസം വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും സെബാസ്റ്റിയൻ പോൾ കൂട്ടിച്ചേർത്തു.
അന്ന് താൻ സ്വതന്ത്ര എംപി ആയിരുന്നു. അതിനാലാണ് ഈ ഓഫർ തനിക്ക് മുന്നിലേക്ക് അവർ നീട്ടിയത്. സ്വതന്ത്ര എംപി ആയതിനാൽ പാർട്ടി വിപ്പോ കൂറുമാറ്റ നിരോധന നിയമമോ തനിക്ക് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post