ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ‘പീനട്ട്’ എന്ന അണ്ണാറക്കണ്ണനെ ന്യൂയോർക്കിൽ കൊന്നു. ന്യൂയോക്കിലെ അധികൃതരാണ് ഇക്കാര്യം പറഞ്ഞത്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ കടിച്ചതിനെ തുടർന്നാണ് അധികൃതർ പീനട്ടിനെ ദയാവധം ചെയ്തത്.
ലോകമെമ്പാടും ആരാധകരുള്ള പീനട്ടിന് 537,000 ഫോളോവേഴ്‌സ് ആണുള്ളത്. പീനട്ട് വേഫേഴ്‌സ് തിന്നുന്നതും കളിക്കുന്നതും കുഞ്ഞുടുപ്പ് ഇടുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായിരുന്നു. ന്യൂയോർക്കിലെ മാർക്ക് ലോംഗോ എന്നയാളായിരുന്നു പീനട്ടിനെ വളർത്തിയിരുന്നത്.
കാറിടിച്ച് പീനട്ടിന്റെ അമ്മയണ്ണാൻ മരിച്ചത് കണ്ടാണ് അവനെ താൻ രക്ഷിച്ചത്. കാട്ടിലേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ അണ്ണാൻ കുഞ്ഞിന് കുപ്പിയിൽ അൽപ്പം ഭക്ഷണം നൽകി. അപ്പോഴാണ് വാലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടത് ഇതോടെ, അവനെ തന്നോടൊപ്പം കൂട്ടുകയായിരുന്നു. ഏഴ് വർഷമായി അവൻ തന്നോടൊപ്പം താമസിക്കുന്നു. അവന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി. അവന്റെ വീഡിയോകഹ അതിൽ അപ്‌ലോഡ് ചെയ്തു’ മാർക്ക് ലോംഗോ പറഞ്ഞു.
‘ഇന്റർനെറ്റ്, നിങ്ങൾ വിജയിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാർത്ഥത നിമിത്തം അവനെ നിങ്ങൾ എന്നിൽ നിന്ന് അകറ്റി. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ എന്ന് വിളിക്കുന്ന നിങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട. ഞാൻ ഞെട്ടലിലും അവിശ്വാസത്തിലും വെറുപ്പിലും ഒക്കെയാണ്. കഴിഞ്ഞ ഏഴ് വർഷമായി പീനട്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്’- ലോംഗോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
പീനട്ട് എന്ന കറുത്ത അണ്ണാറക്കണ്ണനെയും ഒരു റാക്കൂണിനെയും ലോംഗോ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും കൊലപ്പെടുത്തിയെന്നും ചെമുങ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തും ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷനും വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ 30ന്, റാക്കൂണിനെയും അണ്ണാനെയും ഡിഇസി പിടിച്ചെടുത്തു. ഇവ മനുഷ്യർക്ക് പേവിഷബാധയ്ക്കുള്ള സാധ്യത സൃഷ്ടിക്കുന്നതിനാലാണ് ഇവയെ പിടിച്ചെടുത്തത്. കൂടാതെ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരാളെ അണ്ണാൻ കടിച്ചു. ഇതോടെ ഇവ രണ്ടിനെയും കൊല്ലുകയായിരുന്നുവെന്നും പരിസ്ഥിതി സംരക്ഷണ വകുപ്പ് (ഡിഇസി) പറഞ്ഞു.
Discussion about this post