വയനാട് : സിപിഎമ്മിൽ നിന്നും രാജിവെച്ച് ആദിവാസി ക്ഷേമസമിതി നേതാവ്. സിപിഎമ്മിൽ വൻ ജാതി വിവേചനം ആണ് നേരിടുന്നതെന്ന് ആരോപിച്ചാണ് ആദിവാസി ക്ഷേമ സമിതി നേതാവിന്റെ രാജി. ആദിവാസി ക്ഷേമ സമിതി സുൽത്താൻബത്തേരി ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് ആണ് പാർട്ടിയിൽ നിന്നും രാജിവച്ചത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തി ആയതിനാൽ സിപിഎം തന്നെ നിരന്തരമായി അവഗണിക്കുകയാണെന്ന് ബിജു കാക്കത്തോട് വ്യക്തമാക്കി. അഖിലേന്ത്യാ പണിയ മഹാസഭയുടെ മുൻ ജനറല്‍ സെക്രട്ടറി ആയിരുന്നു ബിജു. മൂന്നര വർഷം മുമ്പായിരുന്നു ബിജു സിപിഎമ്മിൽ ചേർന്നിരുന്നത്. എന്നാൽ ഇത്രയും കാലത്തിനുള്ളിൽ സിപിഎമ്മിൽ നിന്നും കടുത്ത ജാതി വിവേചനം ആണ് നേരിട്ടതെന്നാണ് ബിജു കാക്കത്തോട് വ്യക്തമാക്കുന്നത്.
സിപിഎമ്മിൽ ജാതീയ ചിന്ത വെച്ച് പുലർത്തുന്നവർ നിരവധിയുണ്ടെന്ന് ബിജു പരാതിപ്പെടുന്നു. പട്ടികവർഗ്ഗത്തിൽപെട്ട പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗത്തിൽപ്പെട്ടവർ മുൻനിരയിലേക്ക് കടന്നുവരുന്നത് സിപിഎമ്മിലെ ജാതി ചിന്തയുള്ളവർക്ക് സഹിക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. മൂന്നര വർഷം മുൻപ് ബത്തേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ വെച്ച് മുതിർന്ന നേതാവ് പി കെ ശ്രീമതിയാണ് ഹാരമണിയിച്ച് ബിജുവിനെ സിപിഎമ്മിലേക്ക് സ്വീകരിച്ചിരുന്നത്.
Discussion about this post