തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്.
ശക്തമായ മഴ ലഭിക്കുന്ന ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്.
മഴയ്‌ക്കൊപ്പം അതിശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ തീരമേഖലകളിൽ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റ് വീശാനാണ് സാദ്ധ്യത.
Discussion about this post