ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വേട്ട ശക്തമാക്കി സുരക്ഷാ സേന. ഭീകരനെ പിടികൂടി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തു. ഇന്നലെ രാത്രി നടത്തിയ നിർണായക നീക്കത്തിലായിരുന്നു ഇയാളെ പിടികൂടിയത്.
പുൽവാമ സ്വദേശിയായ സജാദ് അഹമ്മദ് ധർ ആണ് അറസ്റ്റിലായത്. ഹിസ്ബുൾ മുജാഹിദ്ദീനിലെ അംഗമാണ് ഇയാൾ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് ആയുധം ഉൾപ്പെടെ എത്തിച്ച് നൽകുന്നതും മറ്റ് സഹായങ്ങൾ നൽകുന്നതും സജാദ് ആണ്. ഭീകര ബന്ധമുള്ളതായുള്ള സൂചനയെ തുടർന്ന് ഏതാനും നാളുകളായി ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനിടെയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഗ്രനേഡുകൾ, തോക്ക്, വെടിയുണ്ടകൾ എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹിസ്ബുൾ ഭീകരരുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് 18 കാരനും പുൽവാമ സ്വദേശിയുമായ ഡാനിഷിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് സജാദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post