ഒട്ടാവ: കാനഡയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ഹിന്ദു വിശ്വാസികളെ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു.
ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സംഘം ഖാലിസ്ഥാൻ ഭീകരർ ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരുടെ കൈവശം ഖാലിസ്ഥാൻ പതാകയും ഉണ്ടായിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചാണ് ഇവർ ആക്രമണം നടത്തിയത്. കെെവശം കൊണ്ടുവന്ന വടിയും ആയുധങ്ങളും കൊണ്ടായിരുന്നു ആക്രമണം.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധിച്ചു. അടുത്ത കാലത്തായി ഹിന്ദു വിശ്വാസികൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ ശക്തമായ നടപടി വേണമെന്നും തങ്ങൾക്ക് ജീവിക്കാൻ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭീകരർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് ഹിന്ദു വിശ്വാസികളുടെ തീരുമാനം. ഹിന്ദുക്കളെ ഭീകരർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശക്തമായ പ്രതിഷേധം ഉയർന്നതോടെ ആക്രമണത്തെ അപലപിച്ച് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് എത്തി. ബ്രോംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ഇന്നുണ്ടായ ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രാർത്ഥന നടത്താനും ഏതൊരു കനേഡിയൻ പൗരനും അവകാശമുണ്ട്. ഭീകരരിൽ നിന്നും ഹിന്ദു സമൂഹത്തെ രക്ഷിച്ച പീൽ റീജിയണൽ പോലീസിനോട് നന്ദി പറയുകയാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
Discussion about this post