കൊൽക്കൊത്ത: റൈഡ് കാൻസൽ ചെയ്തതിന്റെ പേരിൽ ജൂനിയർ വനിതാ ഡോക്ടറെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതി. കൊൽക്കൊത്തയിലാണ് സംഭവം. ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്ക് റൈഡ് കാൻസൽ ചെയ്തതിനെ തുടർന്ന് വനിതാ ഡോക്ടെറ നിരന്തരം ഫോൺ ചെയ്യുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയുമായിരുന്നു.
സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ ബിരുദാനന്തര ബിരുദധാരിയായ യുവതി പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബൈക്ക് റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് (41) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുർബ ജാദവ്പൂരിൽ ആണ് സംഭവം.
വ്യാഴാഴ്ചയാണ് യുവതി റൈഡ് ബുക്ക് ചെയ്തത്. എന്നാൽ, റൈഡ് വൈകും എന്നഅറിഞ്ഞതോടെ, യുവതി റൈഡ് കാൻസൽ ചെയ്തു മറ്റൊരു വാഹനത്തിൽ പോയി. ഇതോടെ, പ്രകോപിതനായ പ്രതി യുവതിയുടെ ഫോണിൽ വിളിച്ചു തുടങ്ങി. 17 തവണയാണ് യുവതിയെ ഇയാൾ വിളിച്ചതെന്ന് പോലീസ് പറയുന്നു. എന്തുകൊണ്ടാണ് റൈഡ് കാൻസൽ ചെയ്തത് എന്ന് ചോദിച്ചു യുവതിയോട് കയർക്കുകയും ചെയ്തു. പിന്നീട് വാട്‌സ് ആപ്പിലൂടെയും ശല്യം തുടർന്നു. യുവതിയുടെ വാട്‌സ് ആപ്പിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ അവരോട് മോശമായി പെരുമാറിയതായും പോലീസ് വ്യക്തമാക്കി.
Discussion about this post