ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യറായി. ലോകസുന്ദരി പട്ടം നേടിയ താരം 90 കളിൽ തന്നെ ബോളിവുഡിന്റെ മാസ്മരിക ലോകത്ത് തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ചു. സൗന്ദര്യം മാത്രമല്ല ഐശ്വര്യയുടെ കൈമുതൽ ഇന്ത്യൻ സിനിമാലോകം കണ്ട മികച്ച നടികളിലൊരാൾകൂടിയാണീ താരസുന്ദരി. തമിഴ് സിനിമയിയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. മണിരത്നം 1997 ൽ സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു ആദ്യ ചിത്രം. ബോളിവുഡിൽ വലിയ സിനിമകൾ ചെയ്യുമ്പോഴും തമിഴിലും ഒരുപോലെ സജീവമായിരുന്നു ഐശ്വര്യ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഒരു സിനിമക്ക് 10 മുതൽ 12 കോടിവരെയാണ് വാങ്ങുന്നത്. പരസ്യത്തിനും വൻ പ്രതിഫലമാണ് നടി കൈപ്പറ്റിയിരുന്നത്. ആറ് മുതൽ ഏഴ് കോടി രൂപവരെയായിരുന്നു പ്രതിഫലം.വിവാഹശേഷം സൈസ് സീറോയിൽ നിന്ന് ഇത്തിരി വണ്ണം വച്ച ശരീരപ്രകൃതിയിലേക്ക് താരം മാറിയിരുന്നു.
താരത്തിന്റെ വിവാഹജീവിതമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. താരദമ്പതികളായ അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്. ഈ ബന്ധത്തിൽ ആരാധ്യ എന്ന മകളും ദമ്പതികൾക്കുണ്ട്. അഭിഷേകിന്റെയും ഐശ്വര്യയുടെയും ദാമ്പത്യം തകർച്ചയിലാണെന്ന തരത്തിലാണ് ബിടൗണിലെ ഗോസിപ്പുകൾ. 2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം ചെയ്തത്. ഈ വിവാഹസമയത്തും നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. അഭിഷേകുമായുള്ള വിവാഹത്തിന് മുൻപ് ഐശ്വര്യ ഒരു മരത്തെ വിവാഹം കഴിച്ചുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ജാതകത്തിലെ ദോഷം മാറ്റാൻ വേണ്ടി അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യക്ക് ഒരു മരത്തിൻ മേൽ മാല ചാർത്തി ആദ്യ വിവാഹം നടത്തേണ്ടി വന്നു എന്നായിരുന്നു ഗോസിപ്പ്, ഇതിന് ശേഷമാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വാർത്ത ഐശ്വര്യയ്ക്ക് വലിയ തലവേദനയായി മാറുകയും ചെയ്തു.തന്റെ കുടുംബം അന്ധ വിശ്വാസങ്ങൾ വെച്ചു പുലർത്തുന്നവരെല്ലെന്നാണ് ഈ വിവാദത്തെക്കുറിച്ച് അന്ന് അഭിഷേകിന്റെ പിതാവ് അമിതാബ് ബച്ചൻ വിവാദങ്ങളോട് പ്രതികരിച്ചത്. ഐശ്വര്യയുടെ ജാതകം കണ്ടിട്ടുപോലുമില്ല. എവിടെയാണ് നിങ്ങൾ പറയുന്ന ഈ മരം? അവൾ വിവാഹം കഴിച്ചത് എന്റെ മകനെ മാത്രം ആണെന്നും അന്ന് അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു.
Discussion about this post