ബംഗളൂരു; ഇന്ത്യയിലെത്തി മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും. ബംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇവരോടൊപ്പം അക്ഷതമൂർത്തിയുടെ മാതാപിതാക്കളും ഇൻഫോസിസ് സ്ഥാപകനുമായ എൻആർ നാരായണമൂർത്തിയും സുധാ മൂർത്തിയും മഠത്തിലെത്തി. ക്ഷേത്രത്തിലെ ചടങ്ങുകളിലും കുടുംബം പങ്കുചേർന്നു. കാർത്തിക മാസത്തിലെ മഠം സന്ദർശനം പുണ്യം നൽകുമെന്നാണ് വിശ്വാസം.
ഇന്ത്യൻ പാരമ്പര്യങ്ങളിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് ഋഷി സുനക് എപ്പോഴും തുറന്ന് പറയുകയും തന്റെ മുൻ ഇന്ത്യ യാത്രകളിൽ നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ, നീസ്ഡൻ ടെമ്പിൾ എന്നറിയപ്പെടുന്ന ലണ്ടനിലെ ഐതിഹാസികമായ ബിഎപിഎസ് സ്വാമിനാരായണ മന്ദിർ സന്ദർശിച്ചപ്പോൾ, സുനക് ഹിന്ദുമതത്തിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ”ഞാൻ ഹിന്ദുവാണ്, നിങ്ങളെ എല്ലാവരെയും പോലെ ഞാനും എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസവും നേടുന്നു. ‘ഭഗവദ് ഗീത’യിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. ഒരാൾ വിശ്വസ്തതയോടെ ചെയ്യുന്നിടത്തോളം കാലം നമ്മുടെ കടമ നിർവഹിക്കാനും ഫലത്തെക്കുറിച്ച് വിഷമിക്കാതിരിക്കാനും നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post