കൊച്ചി; താരസുന്ദരി കീർത്തി സുരേഷിനെ കുറിച്ച് വാചാലനായി സംവിധായകൻ ആലപ്പി അഷറഫ്. സ്‌നേഹബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ നടി കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്ക് നന്നായി അറിയാമെന്നും നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. കീർത്തിയുടെ കുടുംബവുമായി അടുത്തബന്ധമുള്ള അഷറഫ് പറയുന്നത് നടിയുടെ വിവാഹസൂചനയാണോ എന്ന് ആരാധകർ ഇപ്പോൾ ചോദിക്കുന്നുണ്ട്. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.
പണം വന്നപ്പോഴും പ്രശസ്തി വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. ആഡംബരമില്ലാതെ, ചമയങ്ങളില്ലാതെ സാധാരണക്കാരെ പോലെ ഇപ്പോഴും ഷോപ്പിംഗിനും മറ്റും പോകുന്ന, എല്ലാ ഫംഗ്ഷനും പോകുന്ന കീർത്തി സുരേഷിനെ നമ്മളൊക്കെ കണ്ടിട്ടുള്ളതല്ലേ.ഇത്രയും നല്ല മനസിനുടമയായ കീർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടേ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു എന്നാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്.
താൻ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് വെളിപ്പെടുത്തിയിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താൻ ആഗ്രഹിക്കുന്നതെന്നും കീർത്തി സുരേഷ് അഭിമുഖത്തിൽ പറഞ്ഞു. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.
Discussion about this post