തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ നൽകുന്നതിനുള്ള സർവീസ് ചാർജ് 200 രൂപയായി ഉയർത്തിയത് മോട്ടോർവാഹനവകുപ്പ് പിൻവലിക്കും. പെട്ടെന്ന് തന്നെ നിരക്ക് വർദ്ധിച്ചതിൽ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി .
നിരക്ക് വർദ്ധനവിൽ സോഫ്റ്റ് വെയർ ചുമതലുള്ള നാഷ്ണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധിക ഫീസ് ഈടാക്കിയവരിൽ നിന്ന് സെന്ററിനോട് ആവശ്യപ്പെട്ടാൽ ഫീസ് തിരികെ ലഭിക്കും. അതേസമയം ലൈസൻസിന് സർവീസ് ചാർജ് കൂട്ടിയത് പുനഃപരിശോധിക്കാൻ ഇടയില്ല.
കഴിഞ്ഞ ദിവസമാണ് ലൈസൻസ് പർട്ടിക്കുലേഴ്സ് സർവീസ് ചാർജ് 30-ൽ നിന്ന് ഒറ്റയടിക്ക് 200 രൂപയായി മോട്ടോർവാഹന വകുപ്പ് ഉയർത്തിത്. 50 രൂപ ഫീസും, 30 രൂപ സർവീസ് ചാർജും ഉൾപ്പെടെ 80 രൂപ ഈടാക്കിയിരുന്നിടത്ത് അപേക്ഷകർ 250 രൂപ നൽകേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പിന് സർവീസ് ചാർജ് 60 രൂപയിൽ നിന്ന് 200 രൂപയായി കൂട്ടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം.
ലൈസൻസ് കാർഡ് അച്ചടി നിർത്തിയതിലെ നഷ്ടം നികത്താനാണ് സർവീസ് ചാർജുകൾ കുത്തനെ ഉയർത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒരു വ്യക്തിയുടെ ലൈസൻസ് സംബന്ധമായ പൂർണ വിവരങ്ങളുടെ പകർപ്പാണ് ലൈസൻസ് വിശദാംശങ്ങളിൽ ഉൽക്കൊള്ളിച്ചിട്ടുള്ളത്. ഫീസും സർവീസ് ചാർജും വാങ്ങിയിരുന്നെങ്കിലും ഇതിന്റെ ഡിജിറ്റൽ പകർപ്പാണ് നൽകിയിരുന്നത്.
Discussion about this post