പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ടിക്കാൻ അംഗീകാരവും താത്പര്യവുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരം. കോന്നി മെഡിക്കൽ കോജളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവനങ്ങളിലും ഇവരെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കും അവസരം ലഭിക്കുമെന്നും പമ്പ ശ്രീരാമ സാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
താൽപ്പര്യമുള്ളവർ dhssabari,ala@gmail..com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നവംബർ 11കം ആവശ്യമായ രേഖകൾ ഉൾപ്പെടെ സമർപ്പിക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ, മെഡിക്കൽ കോളേജിൽ നിന്നുംം വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും.
ശബരിമല തീർത്ഥാടനത്തിന് എത്തുന്ന എല്ലാ ഭക്തന്മാർക്കും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് വീണ ജോർജ് വ്യക്തമാക്കി. എല്ലാ ആശുപത്രികളിലും ആവശ്യമായ എല്ലാ സജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വാലിറ്റിയിൽ പ്രത്യേകം ബെഡുകളും സജീകരിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലും ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും തീർത്ഥാടകർക്കായി ബെഡ്ഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഇവിടെ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post