കാസറകോഡ് : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഎൽബി പരീക്ഷ പേപ്പറിൽ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി. മഞ്ചേശ്വരം ലോ കോളേജ് അധ്യാപകനെ പിരിച്ചുവിട്ടു. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ കൂട്ടത്തിൽ ആണ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉണ്ടായിരുന്നത്. എന്നാൽ ഈ ചോദ്യത്തിനെതിരായി പരീക്ഷ ഹാളിൽ വച്ച് ഒരു വിദ്യാർത്ഥി പൊട്ടിത്തെറിച്ച് പ്രതികരിച്ചതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.
മഞ്ചേശ്വരം ലോ കോളേജിലാണ് സംഭവം നടന്നത്. താത്ക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിനെതിരെ കണ്ണൂർ സർവ്വകലാശാലയാണ് നടപടിയെടുത്തത്. ചോദ്യപേപ്പറിലെ ചോദ്യം കണ്ടതോടെ പരീക്ഷ ഹാളിൽ വച്ച് ഒരു വിദ്യാർത്ഥി പി പി ദിവ്യ തനിക്കറിയാവുന്ന ആളാണ് എന്ന് പറഞ്ഞുകൊണ്ട് രോഷാകുലൻ ആവുകയായിരുന്നു. ഈ ചോദ്യത്തിന് ഉത്തരം എഴുതില്ല എന്ന് വാശി കാണിച്ച ഈ വിദ്യാർത്ഥി തുടർന്ന് ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു.
ചോദ്യപേപ്പറിൽ എഡിഎമ്മിന്‍റെ പേരോ പിപി ദിവ്യയുടെ പേരോ ചേർത്തിരുന്നില്ല എന്ന് അധ്യാപകൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടത്. കോളേജ് അധികൃതർ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും തന്നോട് തേടിയിരുന്നില്ലെന്നും ഷെറിൻ സി എബ്രഹാം പറയുന്നു.
Discussion about this post