എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആടിയുലയുകയായിരുന്നു അമ്മ സംഘടന. ഇപ്പോഴിതാ സംഘടനയുടെ തലപ്പത്തേക്ക് ഇനിയിലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മോഹൻ ലാൽ. അഡ്‌ഹോക് കമ്മിറ്റിയിലാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭാരവാഹിത്വം ഏൽക്കേണ്ടെന്ന കുടുംബത്തിൻറേയും സുഹൃത്തുക്കളുടേയും നിർദേശം അനുസരിച്ചാണ് മോഹൻലാലിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഉള്ള ഭരണസമിതി താത്കാലിക ഭരണസമിതിയാണ് . അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ അടുത്ത ജൂണിൽ മാത്രമേ ഇതു നടക്കാൻ സാധ്യതയുള്ളൂ എന്നാണ് റിിപ്പോർട്ട്.
മൂന്ന് വർഷത്തിലൊരിക്കലാണ് സാധാരണ അമ്മ ഭാരവാഹികളെ തിരഞ്ഞെടുക്കാറുള്ളത്. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡിയിൽ മോഹൻലാൽ എതിരില്ലാതെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
2021 ലെ തിരഞ്ഞെടുപ്പിലും മോഹൻലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി എതിരില്ലാതെ തിരഞ്ഞെടുപ്പെട്ടിരുന്നു. ഇത്തവണ ഇടവേള ബാബു ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞു. മോഹൻലാൽ കൂടി മാറിയാൽ സംഘടനയുടെ പ്രവർത്തനങ്ങൾ താറുമാറാകുമെന്ന സഹപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു താരം പ്രസിഡൻറ് സ്ഥാനത്ത് തുടർന്നത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ജനറൽ സെക്രട്ടറി സിദ്ദിഖിന് നേരെ കൂടി ആരോപണം ഉയർന്നു. ഇതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
Discussion about this post