കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് സിബിഐയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്.
പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ഇ.പി.ജയരാജന്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഒത്താശയോടെയാണ് സിബിഐ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പി.ജയരാജന്റ ആരോഗ്യനില തല്ക്കാലം തൃപ്തികരമാണെന്നും എന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിലെ ന്യൂറോ, മെഡിസിന്, ഫിസിക്കല്‍ മെഡിസിന്, കാര്‍ഡിയോളജി വിഭാഗങ്ങളിലെ ഏഴു ഡോക്ടര്‍മാരടങ്ങിയ സംഘമാണു ജയരാജനെ പരിശോധിച്ചത്.
റിപ്പോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി.ജയരാജന്, തനിക്കു നെഞ്ചുവേദനയും തലചുറ്റലുമുണ്ടെന്നു പറഞ്ഞിരുന്നു.
Discussion about this post