തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് അൽപശി ആറാട്ട് ഘോഷയാത്ര. ഇതേ തുടർന്ന് ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നത്.
യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതൽ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസും അറിയിച്ചിട്ടുണ്ട്. 3.00 മണി മുതൽ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്‌കൂൾ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതൽ ഈഞ്ചക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3.00 മണി മുതൽ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറേ കോട്ട, ശ്രീകണ്‌ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.
Discussion about this post