അഹമ്മദാബാദ്; തങ്ങളുടെ ഭാഗ്യമായി കരുതിയ കാറിന് സമാധി ഒരുക്കി കുടുംബം. ഗുജറാത്തിലെ അമരേലി ജില്ലയിലെ ഒരു കർഷക കുടുംബമാണ് കാറിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് തങ്ങളുടെ എല്ലാമെല്ലാമായ കാറിനെ പിരിയാനാകാതെ വിഷമിച്ചത്. 1500 ഓളം പേർ പങ്കെടുത്ത ചടങ്ങിലാണ് കാറിന്റെ സംസ്‌കാരം നടന്നത്.
സ്വന്തം കൃഷിയിടത്തിൽ 15 അടി താഴ്ചയിൽ കുഴിയെടുത്താണ് 12 വർഷം പഴക്കമുള്ള വാഗൺ ആർ കാർ സംസ്‌കരിച്ചത്. 12 വർഷം മുമ്പ് വാങ്ങിയ ഈ കാറാണ് എല്ലാ ഐശ്വര്യവും ബഹുമാനവും തങ്ങൾക്ക് നൽകിയതെന്നും അതിനാലാണ് അതിനോടുള്ള നന്ദി സൂചകമായി ഇത്തരത്തിലൊരു സംസ്‌കാരം നടത്തിയതെന്നുമാണ് കുടുംബനാഥൻ പറയുന്നത്. നാലു ലക്ഷത്തോളം രൂപയാണ് ഇതിനായി കുടുംബം ചിലവഴിച്ചത്.
പൂക്കളം മാലകളും കൊണ്ടലങ്കരിച്ചത് കൂടാതെ സന്യാസിമാരും പുരോഹിതന്മാരും മന്ത്രോച്ചാരണം നടത്തി പച്ച തുണി കൊണ്ട് മൂടിയാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. അവസാനം ഒരു എസ്‌കാവേറ്റർ എത്തി കാർ മണ്ണിട്ട് മൂടി. തങ്ങളുടെ പിൻതലമുറ കാറിനെ മറക്കാതിരിക്കാനും കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവന്ന കാർ മണ്ണിനടയിലുണ്ടെന്ന് അറിയാനും സംസ്‌കരിച്ച ഇടത്തിനടത്ത് ഒരു മരംനട്ടുപിടിപ്പിക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
Discussion about this post