ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ തുടർ നീക്കങ്ങളുമായി പോലീസ്. പരാതിക്കാരനെ പീഡനം നടന്ന ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടക്കും. താജ്‌ഹോട്ടലിൽ വച്ചാണ് രഞ്ജിത്ത് പീഡിപ്പിച്ചത് എന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴി. എന്നാൽ താജ്‌ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ യുവാവിന് കഴിയുന്നില്ല.
വിമാനത്താവളത്തിന് സമീപം ഉൾപ്പെടെ നാല് ഹോട്ടലുകളാണ് ബംഗളൂരുവിൽ ഉള്ളത്. ഇതിൽ ഏത് ഹോട്ടലിലേക്കാണ് രഞ്ജിത്ത് വിളിച്ചത് എന്ന് അറിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഒൻപത് വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. അതിനാൽ ഹോട്ടൽ ഏതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് പരാതിക്കാരന് ഹോട്ടലിന്റെ ചിത്രം അയച്ച് നൽകിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. യുവാവിന്റെ പരാതിയിൽ ദേവനഹള്ളി പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.
അതേസമയം നാല് ഹോട്ടലുകളിൽ രണ്ട് ഹോട്ടലുകളിൽ എത്തി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. യശ്വന്ത്പുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിയാണ് തെളിവെടുക്കുക. ഇതിന് ശേഷം രഞ്ജിത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന.
Discussion about this post