കണ്ണൂർ: കൂത്തുപറമ്പിൽ മദ്രസാ വിദ്യാർത്ഥിയെ ഇസ്തികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ഉമൈറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മൽ ഖാൻ ആയിരുന്നു അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രസ അദ്ധ്യാപകന്റെ ക്രൂരത. ക്രൂരമായി കുട്ടിയെ മർദ്ദിച്ച ഇയാൾ കുട്ടിയുടെ മുതുകിൽ ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിയ്ക്കുകയായിരുന്നുയ ഇതിന് പുറമേ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേയ്ക്കുകയും ചെയ്തു. വീട്ടിൽ നിന്നും ബന്ധുക്കൾ വിളിച്ചപ്പോൾ കുട്ടി സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ എത്തി കുട്ടിയെ തിരികെ കൊണ്ട് പോയി. ആശുപത്രിയിൽ അജ്മലിനെ പ്രവേശിപ്പിച്ച ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് തൊട്ട് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കേരളത്തിൽ തുടർന്നിരുന്ന ഇയാൾ പിടിക്കപ്പെടുമെന്ന് ആയതോടെ കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടന്നു. പോലീസ് ഇവിടെയെല്ലാം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടിരുന്നില്ല. ഇയാൾ നാട്ടിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ പോലീസ് മലപ്പുറത്ത് എത്തുകയായിരുന്നു. പോലീസിനെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Discussion about this post