കാക്കനാട്: കാക്കനാട്ടെ ഗ്രൗണ്ടിൽ മകനെ ഡ്രൈവിംഗ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് എംവിഡി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മകന്റെ ഡ്രൈവിംഗ് ടെസ്റ്റിനായാണ് പച്ചാളം സ്വദേശി വിപി ആന്റണി കാക്കനാട് എത്തിയത്. ഇരുചക്രവാഹനത്തിൽ മകനെ പിന്നിലിരുത്തിയാണ് ഇയാൾ വന്നത്. എന്നാൽ കുട്ടി ഹെൽമറ്റ് വച്ചില്ലായിരുന്നു. ഇതോടെ എന്താ ചേട്ടാ ഇത്,മകനെ ഡ്രൈവിംഗ് ടെസ്റ്റിന് കൊണ്ട് വരുമ്പോൾ അവനും ഹെൽമറ്റ് വയ്‌ക്കേണ്ടെ ഇതൊക്കെ പറഞ്ഞു തരണ്ടേ എന്നായി എംവിഡി. ചേട്ടന്റെ ലൈസൻസ് എവിടെ എന്ന് ചോദിച്ചപ്പോൾ ആന്റണി കൈ മലർത്തി.
അമ്പരന്ന് പോയ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയതോടെ വാഹനത്തിന് ഇൻഷൂറൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ല. ഇതോടെ പിതാവിന് ഫ്രീ ക്ലാസും 9500 രൂപ പിഴയും എറണാകുളം ആർടിഒ ടിഎം ജേഴ്‌സൺ ചുമത്തി. ലൈസൻസില്ലാതെ വണ്ടി ഓടിച്ചതിന് 5000 രൂപ, പുക സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് ഇവയുടെ കാലാവധി കഴിഞ്ഞതിന് 4000, പിൻസീറ്റ് യാത്രക്കാരന് ഹെൽമെറ്റില്ലാതിരുന്നതിന് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.
Discussion about this post