എറണാകുളം: സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് ഇരട്ടി വേഗത നല്‍കിക്കൊണ്ട് എത്തിയ പുതിയ ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന് കൊച്ചിയില്‍ നടക്കും. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് വിമാനം പറന്നുയരും. ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ആയിരിക്കും ലാന്റിംഗ്.
അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോകും. പൊതുമരാമത്ത് വതുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ജലാശയത്തിൽ എത്തുന്ന വിമാനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് സ്വാഗതം ചെയ്യുക.
കനേഡിയൻ കമ്പനിയുടെ 17 സീറ്റുള്ള ജലവിമാനമാണ് എത്തിയിരിക്കുന്നത്. ജലവിമാനങ്ങൾക്ക് കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്ന് ഉയരാനും കഴിയും.
പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ കൊച്ചിയില്‍ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡി ഹാവ് ലാൻഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.
പരീക്ഷണം വിജയിച്ചാൽ ടൂറിസം മേഖലയിൽ നിർണായക ചുവടുവയ്പ്പ് ആയിരിക്കും കേരളം നടത്തുക. പുതിയ പദ്ധതി വിനോദസഞ്ചാരികൾ വളരെ വേഗം ഏറ്റെടുക്കും എന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കിൽ പാലക്കാട് മലമ്പുഴ ഡാം, ആലപ്പുഴ വേമ്പനാട് കായൽ, കൊല്ലം അഷ്ടമുടി കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരം കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി ടൂറിസം സെർക്യൂട്ട് ആരംഭിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Discussion about this post