‘ ഒറ്റയ്ക്ക് ആയത് പോലെ തോന്നുന്നു’. നമ്മുടെ കൂട്ടുകാരിൽ നിന്നും നാമുമായി അടുത്ത ബന്ധമുള്ളവരിൽ നിന്നും പലപ്പോഴായി ഈ വാചകം നാം കേട്ടിരിക്കും. ആരൊക്കെ കൂടെ ഉണ്ടെങ്കിലും ഇവരുടെ ഒറ്റപ്പെടൽ അത് പോലെ തുടരും.ഒറ്റപ്പെടൽ എന്ന് പരാതിപ്പെടുന്ന ഭൂരിഭാഗം പേർക്കും അതുണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പലരുടെയും ചിന്തയാണ് ഒറ്റപ്പെട്ടുവെന്ന തോന്നൽ ഉളവാക്കുന്നത്. ഫോണിന്റെയും ഇന്റർനെറ്റിന്റെയുമെല്ലാം വരവ് നമ്മളെ ഉൾവലിഞ്ഞവരായി മാറ്റിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകുന്നത്. എന്നാൽ ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. അതിനർത്ഥം നിങ്ങൾ കടുത്ത ഏകാന്തത അനുഭവിക്കുന്നു എന്നാണ്.
നാമെല്ലാവരും നമ്മെ കേട്ടിരിക്കുന്ന ആളോട് നമ്മുടെ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അപ്രധാനമായ കാര്യങ്ങൾ തുടരെ തുടരെ പറയുന്നുണ്ടെങ്കിൽ നിങ്ങൾ കടുത്ത ഏകാന്തത അനുഭവിക്കുന്നു എന്നാണ് അർത്ഥം.
ആവശ്യങ്ങൾക്ക് മാത്രമാണ് ആളുകൾ തേടിവരുന്നത് എന്ന ചിന്ത നിങ്ങൾക്ക് വരുന്നുണ്ടെങ്കിൽ അതിനും അർത്ഥം നിങ്ങൾ ഏകാന്തത അനുഭവിക്കുന്നുവെന്നാണ്. നിങ്ങളെ ആർക്കും വേണ്ട എന്നൽ തോന്നലിൽ നിന്നാണ് ഈ ചിന്ത ഉണ്ടാകുന്നത്. സ്വന്തം ഇഷ്ടം നോക്കാതെ മറ്റുള്ളവരുടെ കാര്യം നാം പലപ്പോഴായി ചെയ്ത് കൊടുക്കാറുണ്ട്. എന്നാൽ ഏകാന്തത അനുഭവിക്കുന്നവർ എല്ലായ്‌പ്പോഴും ഇത് തുടരും. ആളുകളോട് വളരെ വിനയമായി മറുത്തൊന്നും പറയാതെ ഇരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അതിനർത്ഥം നിങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്നാണ്. ആളുകൾ അകന്ന് പോകുമോ എന്ന ഭയമാണ് എല്ലാം സഹിച്ച് പിടിച്ച് കഴിയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്.
കടുത്ത ഒറ്റപ്പെടൽ ഉള്ളവർ സുഹൃത്തുക്കളോട് പൊസ്സസ്സീവ് ആയിരിക്കും. അവരുമായി ആരും അടുക്കുന്നത് ഇക്കൂട്ടർക്ക് ഇഷ്ടമാകില്ല. നമുക്ക് അവർ നൽകുന്ന പ്രധാന്യം നഷ്ടമാകുമോയെന്ന ഭയമാണ് ഇതിലേയ്ക്ക് നയിക്കുന്നത്. അടുപ്പമുള്ള ആളുകൾ ഉപേക്ഷിക്കുമോയെന്ന ഭയവും ഒറ്റപ്പെടലിന്റെ ലക്ഷണം ആണ്. ആളുകൾ എല്ലായ്‌പ്പോഴും തനിക്ക് പ്രാധാന്യം നൽകണമെന്ന് ചിന്തിക്കുകയും, ഇതിനായി ഒരോരോ കാര്യങ്ങൾ ചെയ്ത് കൂട്ടുകയും ചെയ്യുന്നത് ഒറ്റപ്പെടലിന്റെ മറ്റൊരു ലക്ഷണമാണ്.
Discussion about this post