ഒൻപത് വയസുള്ള പെൺകുട്ടികളെ പോലും വിവാഹം ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ വിവാഹനിയമം ഭേദഗതി ചെയ്യാൻ നടപടികൾ വേഗത്തിലാക്കി ഇറാഖ്. വിവാഹസമ്മതത്തിനുള്ള നിയമപരമായ പ്രായം സ്ത്രീകളുടേത് 18 ൽ നിന്ന് ഒൻപതായി കുറയ്ക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇത് പ്രായമായവർക്ക് ചെറുപ്പക്കാരായ പെൺകുട്ടികളെ വിവാഹം ചെയ്യാൻ അനുവദിക്കുന്നു. ഈ നിയമത്തിലെ രണ്ടാമത്തെ ഭേദഗതി സെപ്റ്റംബർ 16നാണ് പാസാക്കിയത്
വിവാഹമോചനം,കുട്ടികളുടെ കസ്റ്റഡി,പിന്തുടർച്ചാവകാശം എന്നിവയിൽ സ്ത്രീകൾക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഭേദഗതികളും നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടികളെ ‘ അധാർമിക ബന്ധങ്ങളിൽ ‘ നിന്ന് സംരക്ഷിക്കുകയാണ് ഭേദഗതി വഴി ഷിയാ പാർട്ടികളുടെ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സർക്കാർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതവുമായി ബന്ധപ്പെട്ട അധികാരികളെയോ സിവിൽ ജുഡിഷ്യറിയെയോ തെരഞ്ഞെടുക്കാൻ പൗരന്മാരെ അനുവദിക്കുന്ന ബില്ലും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇറാഖിൽ നിലവിൽത്തന്നെ ശൈശവ വിവാഹ നിരക്ക് കൂടുതലാണെന്നാണ് യുണിസെഫ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖി പെൺകുട്ടികളിൽ 28% പേരും 18 വയസ്സിനുള്ളിൽ വിവാഹിതരാകുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നിയമം പെൺകുട്ടികളെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾക്ക് വിധേയരാക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
Discussion about this post