ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്ത് ഭൂമിയ്ക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി ഗവേഷകർ. ധനുരാശിയിൽ നിന്നും 4000 പ്രകാശ വർഷങ്ങൾ അകലെയായിട്ടാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. രൂപത്തിലും ഭൂമിയ്ക്ക് സമാനമായി കാണപ്പെടുന്ന ഈ ഗ്രഹത്തിൽ മനുഷ്യവാസം സാദ്ധ്യമാകുമോയെന്നതിനെക്കുറിച്ച് നിരീക്ഷിച്ച് വരികയാണ് ഗവേഷകർ.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ ആണ് ഈ നിർണായക കണ്ടുപിടിത്തത്തിന്റെ ഉടമകൾ. പാറകളാൽ നിറഞ്ഞ പരുപരുത്ത പ്രതലമുള്ള പുതിയ ഗ്രഹത്തിന് നമ്മുടെ ഭൂമിയ്ക്ക് സമാനമായ വലിപ്പമാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടേതിന് സമാനമായ പിണ്ഡം ആണ് ഈ ഗ്രഹത്തിനും ഉള്ളത്. ഒരു നക്ഷത്രത്തെ ഈ ഗ്രഹം പരിക്രമണം ചെയ്തുവരികയാണ്. നിലവിൽ സൂര്യൻ അവസാനഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഗ്രഹത്തിന്റെ കണ്ടുപിടിത്തം മനുഷ്യരാശിയ്ക്ക് ഏറെ ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ.
സൂര്യൻ അന്തിമ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഭൂമിയുടെ ഭാവി എന്തായിരിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിൽക്കുന്നതായി ഗവേഷകർ പറയുന്നു. അവസാനം ആകുന്തോറും സൂര്യൻ ഒരു ചുവന്ന ഭീമനായി മാറാനുള്ള സാദ്ധ്യതയുണ്ട്. ഈ ഘട്ടം നമ്മുടെ ബുധനെയും ശുക്രനെയും ദഹിപ്പിക്കും. എന്നാൽ ഭൂമിയുടെ വിധി അനിശ്ചിതത്വത്തിലാണ്. ഒരു പക്ഷെ ഭൂമി സുരക്ഷിതമായി നിലനിന്നേക്കാം. ഈ സാഹചര്യത്തിൽ പുതിയ ഗ്രഹത്തിന്റെ കണ്ടെത്തൽ മനുഷ്യജീവിതം സംബന്ധിച്ച വലിയ പ്രതീക്ഷ നൽകുന്നതാണ്. വ്യാഴത്തിനും ശനിക്കും ചുറ്റുമുള്ള ചില ഉപഗ്രഹങ്ങൾ, യൂറോപ്പ, കാലിസ്റ്റോ, എൻസെലാഡസ് എന്നിവ ഭാവി തലമുറകൾക്ക് സുരക്ഷിത താവളമാകാൻ സാദ്ധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post