തിരുവനന്തപുരം: മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സാസ്വിക. സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സീരിയൽ നടി എന്നതിൽ കവിഞ്ഞ ശ്രദ്ധ ഈ നടിയ്ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് അടിയ്ക്കടി വാർത്തകളിലും താരം ഇടംപിടിക്കാറുണ്ടായിരുന്നു.
ചെറിയ വേഷം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു സാസ്വിക സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ നായിക നടിയായി ബിഗ് സ്‌ക്രീനിൽ തിളങ്ങുകയാണ് താരം. അടുത്തിടെ ആയിരുന്നു സാസ്വികയുടെ വിവാഹം. സീരിയൽ താരത്തെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടിയിരുന്നു.
വിവാഹ ശേഷം ഭർത്താവിന് താഴെ നിൽക്കാനാണ് ഇഷ്ടമെന്ന തരത്തിൽ സാസ്വിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് താരത്തിന് വലിയ പ്രശംസയാണ് നേടികൊടുത്തത് എങ്കിലും മറ്റൊരു വിഭാഗം രൂക്ഷമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് പറഞ്ഞ കാര്യങ്ങൾ തന്നെ ഉറച്ച് നിൽക്കുകയാണ് സാസ്വിക.
തനിക്ക് എല്ലായ്‌പ്പോഴും ഭർത്താവിന് താഴെ നിൽക്കാനാണ് ഇഷ്ടം എന്നാണ് സാസ്വിക പറയുന്നത്. ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും താരം പറയുന്നു. പുതിയ ചിത്രം സ്വർഗത്തിന്റെ വിശേഷങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
എനിക്ക് തുല്യത വേണ്ട. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇല്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ മസിൽ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഭർത്താവിന്റെ കാല് പിടിയ്ക്കുന്നതും തൊഴുന്നതും എല്ലാം. ഇതെല്ലാം ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ നിങ്ങൾ ചെയ്യണമെന്ന് ഞാൻ പറയില്ല. ഞാൻ ചെയ്യുന്നത് ശരിയാണെന്നും പറയില്ല. എന്നാൽ എനിക്ക് ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്നും സാസ്വിക പറഞ്ഞു.
Discussion about this post