തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സ്വപ്‌നയ്‌ക്ക് വ്യാജരേഖയുണ്ടാക്കി നല്‍കിയെന്നായിരുന്നു സച്ചിനെതിരെയുള്ള ആരോപണം. ഈ കേസിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.
സച്ചിനെ മാപ്പുസാക്ഷി ആക്കുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ പൊലീസ് അറിയിച്ചു. ഇതോടെ സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.
സ്‌പേസ് പാർക്കിലെ നിയമനത്തിനായി പ്രതി സ്വപ്നക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ഇയാള്‍ക്ക് എതിരെയുള്ള കേസ്. സംഭവത്തില്‍, കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ രണ്ടാം പ്രതിയുമാണ്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്‌ക്കർ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്.
2017ൽ സ്വപ്നയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സ്‌പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പർ സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ തീരുമാനിച്ചത്. പിന്നീട് സ്വപ്‌ന സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത് .
കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സ്‌പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്‌നയ്‌ക്ക് നൽകിയ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യുസി) കത്ത് നല്‍കിയിരുന്നു. എന്നാല്‍, പണം നൽകാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.
Discussion about this post