വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് ബുധനാഴ്ചയാണ് 43-കാരിയായ തുളസി ഗബ്ബാർഡിനെ നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചത്. അഭിമാനിയും നിർഭയയുമായ തുളസി ഗബ്ബാർഡ് രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ മികച്ചത് ആക്കുകയും ശക്തിയിലൂടെ സമാധാനം ഉറപ്പാക്കുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു ട്രംപ് ഗബ്ബാർഡിനെ പുതിയ ചുമതലയിലേക്ക് തിരഞ്ഞെടുത്ത വേളയിൽ പറഞ്ഞിരുന്നത്. നേരത്തെ ഡെമോക്രാറ്റ് കോൺഗ്രസ് അംഗമായിരുന്നു തുളസി ഇപ്പോൾ റിപ്പബ്ലിക്കാൻ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണ തുളസിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎസിലെ ആദ്യത്തെ ഹിന്ദു കോൺഗ്രസ് വുമൺ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന വ്യക്തിത്വമായിരുന്നു തുളസി ഗബ്ബാർഡ്. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങളെ അപലപിച്ചതിന് നേരത്തെയും തുളസിയുടെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു. ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന് പാകിസ്താൻ സൈന്യത്തിനെതിരെ നടപടി എടുക്കണമെന്നും തുളസി ഗബ്ബാർഡ് ആവശ്യപ്പെട്ടിരുന്നു.
2021-ൽ ഹിന്ദുക്കൾക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളെത്തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി തുളസി യുഎസ് കോൺഗ്രസിൽ ഒരു പ്രമേയം അവതരിപ്പിച്ചു. 1971 ൽ കിഴക്കൻ പാകിസ്താൻ സ്വാതന്ത്ര്യം നേടി ബംഗ്ലാദേശായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ കാലങ്ങളായി ഹിന്ദുക്കൾക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്ന് അവർ ഈ പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. 2017-ൽ, ജനപ്രതിനിധിസഭയുടെ ഇന്ത്യാ കോക്കസിൻ്റെ കോ-ചെയർ ആയി തുളസി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, കശ്മീരിലും അഫ്ഗാനിസ്ഥാനിലും തീവ്രവാദം വളർത്തുന്നതിൽ പാകിസ്താൻ്റെ പങ്കിനെക്കുറിച്ചും അവർ പലപ്പോഴും പ്രസ്താവനകൾ നടത്തിയിരുന്നു. തുളസി ഗബ്ബാർഡിന്റെ പുതിയ നിയമനത്തോടെ അവരുടെ പഴയ വാക്കുകൾ കൂടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
Discussion about this post