തിരുവനന്തപുരം,: അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരളില്‍ നിന്നും 9 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന സങ്കീര്‍ണ്ണ ട്യൂമര്‍ നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ ഒന്നിലധികം വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമില്ലാതെ തന്നെ മാരകമായ ഈ ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിച്ചത്. ഗര്‍ഭാവസ്ഥയില്‍ 33-ആം ആഴ്ചയിലെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലാണ് കുഞ്ഞില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് 37-ആം ആഴ്ചയില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ബയോപ്സി പരിശോധനയില്‍, കരളിന്റെ കോശങ്ങളില്‍ വളരുന്ന ക്യാന്‍സറായ ഹെപ്പറ്റോബ്ലാസ്റ്റോമയാണിതെന്ന് സ്ഥിരീകരിച്ചു. കുട്ടികളില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും നവജാത ശിശുക്കളില്‍ ഇത് വളരെ അപൂര്‍വമാണ്.
9 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ട്യൂമര്‍ രക്തക്കുഴലുകള്‍ക്കിടയിലായി സ്ഥിതി ചെയ്തതിനാല്‍ അപകടാവസ്ഥ കണക്കിലെടുത്ത് നിയനെറ്റോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. നവീൻ ജെയിൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ ഡോ. അസ്ഗർ അബ്ദുൽ റഷീദ്, ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷബീറലി ടി.യു, മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹ്‌മദ് റാത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ട്യൂമറിന്റെ വലിപ്പം കുറയ്ക്കാനായി കീമോതെറാപ്പി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
നവജാത ശിശുവില്‍ കീമോതെറാപ്പി നല്‍കുന്നത് വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, സര്‍ജറി സാധ്യമാകും വിധത്തില്‍ ട്യൂമറിന്റെ വലിപ്പം കുറയ്ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമെന്നും ഡോ. ഷബീറലി ടി.യു പറഞ്ഞു. വെല്ലുവിളികള്‍ക്കിടയിലും, വിജയകരമായി ട്യൂമറിന്റെ വലിപ്പം കുറയ്ക്കുകയും അഞ്ചാം മാസത്തില്‍ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്യാനാകുമോ അതോ കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണോ എന്നതിൽ ആശങ്കകളുണ്ടായിരുന്നു. മുൻകരുതലായി, അമ്മയിൽ നിന്ന് കരൾ സ്വീകരിക്കാനുള്ള സാധ്യതകൾ പരിശോധിച്ചപ്പോൾ, ഫാറ്റി ലിവർ കണ്ടെത്തുകയും തുടർന്ന്, മെഡിക്കൽ സംഘം നിഷ്കർഷിച്ച ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ, അമ്മ കരൾ ദാനം ചെയ്യുന്നതിന് അനുയോജ്യയായി മാറി.
വീണ്ടുമൊരു കീമോതെറാപ്പിക്ക് ശേഷം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുകയും കരള്‍ മാറ്റിവയ്ക്കാതെ തന്നെ ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയ്ക്കൊടുവില്‍ വീന കാവയും ട്യൂമറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുമുള്‍പ്പെടെ കരളിന്റെ ഒരു പ്രധാന ഭാഗം നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് പൂര്‍ണാരോഗ്യം പ്രാപിക്കുകയും ഒരു മാസത്തിനുള്ളിൽ തന്നെ ആശുപത്രി വിടുകയും ചെയ്തു.
നവജാത ശിശുക്കളിലെ അർബുദം ഫലപ്രദമായി ചികിത്സിക്കുന്നതിൽ ഇന്ത്യയിലെ നിയോനേറ്റൽ ഓങ്കോളജി യൂണിറ്റുകൾക്ക് വളരെ പരിമിതമായ അനുഭവം മാത്രമേ ഉള്ളൂ. എന്നാൽ, രക്ഷിതാക്കൾ കിംസ്ഹെൽത്തിലർപ്പിച്ച വിശ്വാസവും അതിനിനോടൊപ്പം ടീം വർക്കും കൂടിച്ചേർന്നാണ് ഈ അപൂർവമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ഡോ. നവീൻ ജെയിൻ പറഞ്ഞു. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് കീമോതെറാപ്പിയുടെ ഡോസ് ക്രമീകരിക്കേണ്ടി വന്നത് കൂടാതെ ആദ്യ കുറച്ച് മാസങ്ങളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കണ്ടിരുന്നു. കൂടാതെ, സിരയിലൂടെ മരുന്നുകളും മറ്റും നല്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ, എൻ.ഐ.സി.യു /പി.ഐ.സി.യു ടീമുകളിൽ നിന്ന് ലഭിച്ച പിന്തുണ സുപ്രധാനമായിരുന്നു. കൂടാതെ കുഞ്ഞിന് അണുബാധ ഏൽക്കാതിരിക്കാൻ മാതാപിതാക്കളും ജാഗരൂകരായിരുന്നുവെന്ന് ഡോ. അസ്ഗർ കൂട്ടിച്ചേർത്തു
ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, അനസ്തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ഹാഷിര്‍ എ, ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് കെ.എസ്, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ് എന്നിവര്‍ മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായിരുന്നു.
Discussion about this post