ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലും ഇന്നിംഗ്‌സിന് ആവശ്യമായ ഊർജ്ജം നൽകുന്നതിൽ ഓൾറൗണ്ടർ പരാജയപ്പെട്ടതിന് വിമർശനം നേരിട്ട വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ന്യായീകരിച്ചു. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ലോവർ ഓർഡർ ടീമിനായി വേഗത്തിൽ റൺസ് നേടുന്നതിൽ പരാജയപ്പെടുന്ന സാഹചര്യം കാണാൻ സാധിച്ചു. തൽഫലമായി, രണ്ട് ഏകദിനങ്ങളിലും മികച്ച തുടക്കം കിട്ടിയിട്ടും ഇന്ത്യയ്ക്ക് യഥാക്രമം 349 ഉം 358 ഉം റൺസ് മാത്രമേ നേടാനായുള്ളൂ. റാഞ്ചിയിൽ ആദ്യ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞെങ്കിലും, റായ്പൂരിൽ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി.
റാഞ്ചിയിൽ സുന്ദർ 18 പന്തിൽ 13 റൺസ് നേടിയപ്പോൾ, റായ്പൂരിൽ 7 പന്തിൽ 1 റൺസ് മാത്രമാണ് നേടാനായത്. ഇന്നലെ നടന്ന അവസാന പരിശീലന സെക്ഷനിൽ മൂന്നാം ഏകദിനത്തിന് മുമ്പ്, ഗൗതം ഗംഭീറിന്റെയും ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കിന്റെയും മേൽനോട്ടത്തിൽ സുന്ദർ പവർ-ഹിറ്റിംഗ് പരിശീലിച്ചു. അവസാന ഓവറുകളിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് സുന്ദർ പഠിക്കുന്നു എന്നും, എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമെന്നും ടെൻ ഡോഷേറ്റ് പറഞ്ഞു. “ബാറ്റിംഗിന്റെ കാര്യത്തിൽ വാഷി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവസാന ഓവറുകളിൽ കളിക്കളത്തിൽ എത്തുന്നത് വളരെ പ്രത്യേകമായ ഒരു റോളാണ്, എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം,” മത്സരത്തിന് മുമ്പുള്ള കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
ഈ വർഷം ഏകദിനത്തിൽ സുന്ദർ കാര്യമായി പന്തെറിഞ്ഞിട്ടില്ല എന്നും ശ്രദ്ധിക്കണം . അഞ്ച് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു മത്സരത്തിൽ മാത്രമാണ് മുഴുവൻ ഓവറുകളും എറിഞ്ഞത്. താരത്തിന് ടീം കൂടുതൽ അവസരങ്ങൾ നൽകണം എന്നും എന്നാൽ മാത്രമേ അദ്ദേഹത്തിന് കഴിവ് തെളിയിക്കാൻ സാധിക്കൂ എന്നും നേരത്തെ രവിചന്ദ്രൻ അശ്വിനും പറഞ്ഞു.













Discussion about this post