ലക്നൗ: 2025 ജനുവരിയില്‍ വരാനിരിക്കുന്ന മഹാകുംഭ മേളക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഓരോ പ്രദേശത്തും ഒരുങ്ങുന്നത്. ഇത്തവണത്തെ മഹാകുംഭ മേള അപകടരഹിതമായി നടത്താനുള്ള കടുത്ത പരിശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ.
തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തടയുന്നതിലാണ് പ്രധാനമായും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളുടെയും പ്രത്യേക അഗ്നിശമന വാഹനങ്ങളുടെയും എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തീപിടിത്തത്തിനുള്ള സാധ്യത നിരീക്ഷിക്കാൻ എഐ ഫയർ ഡിറ്റക്ഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളും വിന്യസിക്കും. മഹാ കുംഭമേള ഒരു സീറോ ഫയർ ഇവൻ്റ് ആയി നടത്തുക എന്നതാണ് യോഗി സർക്കാരിൻ്റെ ലക്ഷ്യം.
ഇതോടൊപ്പം സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം, ഇന്ത്യയിലും വിദേശത്തുനിന്നും എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്ധരെ 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തും. ഇതാദ്യമായാണ് മഹാകുംഭമേളക്കായി ഇത്രയധികം ഹൈടെക് സംവിധാനമൊരുക്കുന്നത് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഓക്സിജൻ സിലിണ്ടർ സൗകര്യമില്ലാതെ 40 അടി വരെ ആഴത്തിൽ മുങ്ങുന്ന വിദഗ്ധരെയാണ് പ്രദേശത്ത് വിന്യസിക്കുന്നത്.
25 ജെറ്റ് സ്‌കി, ചെറിയ അതിവേഗ ബോട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് മഹാകുംഭമേളയിൽ ജെറ്റ് സ്കി ഉപയോഗിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നവയാണ് ജെറ്റ് സ്കീകൾ.
10 കമ്പനി പിഎസി, 12 കമ്പനി എൻഡിആർഎഫ്, 6 കമ്പനി എസ്ഡിആർഎഫ് എന്നിവരെയും സജ്ജമാക്കും. ഗോവ, കൊൽക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത വാട്ടർ പോലീസ് ഇതിനകം തന്നെ പ്രയാഗ് രാജിലെത്തി. പ്രാദേശികമായ മുങ്ങൽ വിദഗ്ധരുടെ സഹായവും തേടും. 340 വിദഗ്ധർ പ്രയാഗ് രാജിലെ തിരക്ക് നിരീക്ഷിക്കും.
Discussion about this post