ന്യൂഡല്‍ഹി: ഡൽഹിയിൽ വന്‍ മയക്കുമരുന്ന് വേട്ട. 900 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. ലഹരി വിമുക്ത ഇന്ത്യയ്ക്കുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരായ വേട്ട ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റ ദിവസം കൊണ്ട് അനധികൃത മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരെ വലിയ മുന്നേറ്റങ്ങൾ നടത്തിയതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അമിത് ഷാ അഭിനന്ദിച്ചു. ഒറ്റ ദിവസത്തിനുള്ളിൽ നടന്ന മയക്കുമരുന്നിനെതിരെയുള്ള വലിയ മുന്നേറ്റങ്ങൾ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം തെളിയിക്കുന്നു. എൻസിബി ഇന്ന് ന്യൂഡൽഹിയിൽ 82.53 കിലോഗ്രാം മാരക മയക്കുമരുന്ന് ആയ കൊക്കെയ്ൻ കണ്ടുകെട്ടി’- അമിത് ഷാ എക്സില്‍ കുറിച്ചു.
പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയ്, ജനക്പുരി എന്നിവിടങ്ങളിൽ നിന്ന് 82 കിലോ കൊക്കെയ്ൻ കണ്ടെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 900 കോടി രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരായ തങ്ങളുടെ വേട്ട നിർദയം തുടരും. ഈ വലിയ വിജയത്തിന് എൻസിബിക്ക് അഭിനന്ദനങ്ങൾ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post