കൊച്ചി: ഹരിതകർമ്മസേനയുടെ സേവനനിരക്കുകൾ ഉയർത്തി. ഇത് സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകിയതോടെയാണ് നിരക്കുകൾ ഉയരുന്നത്. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും. മാർഗരേഖ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കൂടുതൽ വ്യക്തത വരുത്തി തിരുത്തി ഇറക്കാനും ആലോചനയുണ്ട്.നിലവിലെ വരുമാനമനുസരിച്ച് ഹരിതകർമസേനാംഗങ്ങൾക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ലെന്ന സാഹചര്യത്തിലാണ് യൂസർഫീ പുനർനിർണയിച്ച് തദ്ദേശവകുപ്പ് ഉത്തരവിറങ്ങിയത്.
ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് പ്രതിമാസം 50 രൂപ, നഗരസഭകളിൽ പ്രതിമാസം കുറഞ്ഞത് 70 രൂപ എന്ന നിരക്ക് തുടരും. സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100 രൂപയായി തുടരുമെങ്കിലും ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടുത്താൻ ഭരണസമിതിക്ക് തീരുമാനിക്കാം. നിശ്ചയിക്കുന്ന നിരക്ക് ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം. വലിയ അളവിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം അഞ്ചു ചാക്ക് മാലിന്യം വരെ കുറഞ്ഞത് 100 രൂപ ഈടാക്കാം. പിന്നീടുള്ള ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപ അധികം ഈടാക്കാം. ചാക്കിന്റെ പരമാവധി വലുപ്പം 65ഃ80 സെ.മീ. ആകണമെന്നും നിഷ്‌കർഷിച്ചു.
ജൈവമാലിന്യം ശേഖരിക്കുന്നയിടങ്ങളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് തൂക്കത്തിന് ആനുപാതികമായി തുക ഈടാക്കാം. ഓരോ കിലോ ജൈവമാലിന്യം ശേഖരിക്കാൻ കുറഞ്ഞ തുക ഏഴു രൂപയായി നിശ്ചയിക്കും.
സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാം. സേവനനിരക്ക് അഥവാ യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്
Discussion about this post