തിരുവനന്തപുരം: ഊർജ പദ്ധതികൾക്ക് കീഴിൽ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബൾബുകൾ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. രണ്ട് ബൾബ് എടുത്താൽ ഒരു ബൾബ് സൗജന്യമായി ലഭിക്കുമെന്നാണ് കെഎസ്ഇബിയുടെ ഓഫർ. ബിപിഎൽ കുടുംബങ്ങൾക്കും അംഗണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമായും ബൾബ് സൗജന്യമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകളാണ് കൃത്യസമയത്ത് വിതരണംചെയ്യാതെ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നത്. 1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി വിറ്റു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽഇഡി ബൾബുകൾ 65 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. എന്നാൽ പൊതുവിപണിയിൽ എൽഇഡി ബൾബുകളുടെ വില കുത്തനെ കുറഞ്ഞത് കെഎസ്ഇബിക്ക് വെല്ലുവിളിയായിരുന്നു. ഇതോടെയാണ് ബൾബ് വിറ്റഴിക്കാൻ ഓഫറുമായി കെഎസ്ഇബി രംഗത്തെത്തിയത്
Discussion about this post