കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറൽ ഹോം. 120 വർഷം പഴക്കമുള്ള ഈ സ്ഥാപനം ആരംഭിച്ച ‘കോഫിൻ കഫേ’ എന്ന സേവനം ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. നിരവധി ആളുകളാണ് ഈ സേവനം ആവശ്യപ്പെട്ട് എത്തുന്നത്.
ആളുകൾക്ക് ശവപ്പെട്ടിയിൽ കിടക്കാനും ഫോട്ടോകൾ എടുക്കാനുമുള്ള അവസരമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ആളുകളെ ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫ്യൂണറൽ ഹോം പറയുന്നു.
1902 -ൽ സ്ഥാപിതമായ ചിബ പ്രിഫെക്ചറിലെ ഫുട്‌സു ആസ്ഥാനമായുള്ള കാജിയ ഹോണ്ടൻ എന്ന ഫ്യൂണറൽ ഹോം ആണ് വിചിത്രമായ ഇത്തരം ഒരു പരിപാടി തുടങ്ങിയിരിക്കുന്നത്. ശവസംസ്കാര സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് ആണ് കമ്പനി ഈ സംരംഭം ആരംഭിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഇവിടെ ഇങ്ങനെയൊരു സേവനം ആരംഭിച്ചത്. പച്ച, മഞ്ഞ, സ്വർണ്ണ നിറങ്ങളിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത മൂന്ന് ശവപ്പെട്ടികൾ ആണ് ഇവിടെയുള്ളത്. ആഗ്രഹമുള്ളവര്‍ക്ക് മനോഹരമായ അലങ്കരിച്ച ഈ ശവപ്പെട്ടികൾക്കുള്ളിൽ കിടന്നു നോക്കാം.
2,200 യെൻ അതായത് ഏകദേശം 1200 ഇന്ത്യൻ രൂപയാണ് ഈ സേവനത്തിന് ഫീസ് ആയി കമ്പനി ഈടാക്കുന്നത്. ശവപ്പെട്ടിക്കുള്ളിൽ ഒരുമിച്ച് കിടന്ന് ചിത്രം എടുക്കാൻ എത്തുന്ന ദമ്പതികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്.
Discussion about this post