ചെന്നൈ: ലോകത്തിന് അത്ഭുതമായി രാജവെമ്പാലയുടെ ഉപവർഗ്ഗങ്ങൾ (സ്പീഷീസ്). രാജവെമ്പാലയുടെ നാല് സ്പീഷിസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ 185 വർഷമായി രാജവെമ്പാലയ്ക്ക് ഒരു വർഗ്ഗം മാത്രമാണ് ഉള്ളതെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഈ വിശ്വാസത്തിനാണ് ഇതോടെ വിരാമം ആയത്.
12 വർഷക്കാലത്തെ പഠനത്തിന് ശേഷം കർണാടകയിലെ കലിംഗ സെന്റർ ഫോറർ റെയിൻഫോറസ്റ്റ് ഇക്കോളജിയിലെ ഗവേഷകരാണ് ഈ നിർണായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിലെ കാടുകളിൽ നടത്തിയ ഗവേഷണത്തിനൊടുവിൽ ഇന്ത്യൻ കാടുകളിൽ നിന്നുൾപ്പെടെയാണ് പുതിയ വർഗ്ഗങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കാട്ടിൽ നിന്നാണ് രാജവെമ്പാലയുടെ ആദ്യ സ്പീഷിസിനെ ഗവേഷകർ കണ്ടെത്തിയത്. കിഴക്കൻ പാകിസ്താൻ, വടക്ക് കിഴക്കൻ ഇന്ത്യ, ആന്ധമാൻ ദ്വീപ്, ഇന്തോ- ബർമ അതിർത്തി, ഇന്തോ- ചൈന അതിർത്തി, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മറ്റൊരു സ്പീഷിസിനെ ഗവേഷകർ കണ്ടെത്തി. മലായ് പെനിസുല, ഗ്രേറ്റർ സുൻഡ ദ്വീപ്, ഫിലിപ്പീനിന്റെ തെക്കൻ മേഖല എന്നിവിടങ്ങളിലാണ് മൂന്നാമത്തെ ഇനത്തെ കണ്ടെത്തിയിരിക്കുന്നത്. വടക്കൻ ഫിലിപ്പീൻസിലെ ലുസോണിൽ നിന്നും നാലാമത്തെ സ്പീഷിസിനെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർക്ക് ലഭിച്ചത്.
2012 ലായിരുന്നു ഏകവർഗ്ഗ ജീവിയെന്ന് വിശ്വസിച്ച് പോന്നിരുന്ന രാജവെമ്പാലയുടെ മറ്റ് സ്പീഷിസുകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. പാമ്പുകളുടെ കോശങ്ങൾ ഉപയോഗിച്ചായിരുന്നു ഇവരുടെ പരീക്ഷണം. കോശങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിക്കുകയും ഇവയുടെ ശാരീരിക സവിശേഷതകൾ നിരീക്ഷിക്കുകയും ചെയ്തപ്പോൾ നാല് എണ്ണവും വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഇവ പുതിയ സ്പീഷിസുകൾ ആണെന്ന് വ്യക്തമായത്.
പശ്ചിമഘട്ടത്തിൽ നിന്നും ശേഖരിച്ച പാമ്പുകളുടെ ജനിതക ഘടന പരിശോധിച്ചപ്പോൾ ഇവ പാമ്പുകളെ ഭക്ഷിക്കുന്ന ശരീരത്തിൽ 40 താഴെ മാത്രം വലയങ്ങൾ ഉള്ളവയാണെന്ന് വ്യക്തമായി. രണ്ടാമത്തെ സ്പീഷിസിനാകട്ടെ 50 മുതൽ 70 വരെ വലയങ്ങൾ ഉണ്ട്. സുൻഡ ദ്വീപിൽ നിന്നും കണ്ടെത്തിയ സ്പീഷിസിന് 70 ൽ അധികം വലയങ്ങൾ ആണ് ഉള്ളത്. അതേസമയം ഫിലിപ്പീൻസിൽ നിന്നും കണ്ടെത്തിയ വർഗ്ഗത്തിന് ശരീരത്തിൽ വലയങ്ങൾ ഉണ്ടായിരുന്നില്ല.
രാജവെമ്പാലയ്ക്ക് ഇനിയും സ്പീഷിസുകൾ ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. ഇവയെ കണ്ടെത്താൻ വർഷങ്ങൾ നീണ്ട പഠനം ആവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post