ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവാ സംഘത്തെ പിടികൂടാൻ പോലീസിന് തുണയായത് പച്ചകുത്തിയ അടയാളം. പ്രതികളിൽ ഒരാളുടെ നെഞ്ചിലെ പച്ച കുത്തിയ അടയാളം കണ്ടാണ് കുറുവാ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും പിടിയിലായ സന്തോഷാണ് നെഞ്ചിൽ പച്ച കുത്തിയിരുന്നത്.
മണ്ണഞ്ചേരിയ്ക്ക് പുറമേ പാലായിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പോലീസിനെ സന്തോഷിന്റെ പക്കൽ എത്തിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണ്ണഞ്ചേരിയിൽ നിന്നും പോലീസ് ശേഖരിച്ച ചില ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ ശരീരത്തിൽ പച്ച കുത്തിയ അടയാളം കണ്ടിരുന്നു. സമാനമായ പച്ചകുത്തൽ സന്തോഷിന്റെ ശരീരത്തിലും കണ്ടതോടെ ഇയാൾ കുറുവാ സംഘം ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ പുലർച്ചെ അതീവ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലും പ്രതി ഉരുപ്പിടികൾ വിറ്റ സ്ഥലങ്ങളിലും ആയിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നും സ്വർണാഭരണത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. സന്തോഷിനൊപ്പം മണ്കണ്ഠൻ എന്ന ആളെയും കസ്റ്റഡിയിൽ എടുത്തുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് സന്തോഷ്. പാല, ചങ്ങനാശ്ശേരി, ചിങ്ങവനം തുടങ്ങി വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. മോഷണ കേസിൽ മൂന്ന് മാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഇയാൾ മണ്ണഞ്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്തി മോഷണം ആരംഭിച്ചത്.
Discussion about this post