ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഇന്ന് നാൽപതിന്‍റെ പിറന്നാള്‍ മധുരം. താരസുന്ദരിയുടെ ജീവിതം പ്രമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരില്‍ ഉയർന്ന് വന്ന വിവാദങ്ങൾക്കിടെയാണ് നയന്‍സിന്റെ നാൽപതാം ജന്മദിനം.
തിരുവല്ലക്കാരി ഡയാനയില്‍ നിന്നും തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറിലേക്കുള്ള നയൻസിന്‍റെ യാത്ര ഒരു സിനിമയെ വെല്ലുന്നത് തന്നെയായിരുന്നു. മനസിനക്കരയിലെ ഗൗരിയായി മലയാളികൾക്ക് മുന്നിലെത്തിയ നയന്‍ ഇന്ന് ആരെയും അത്ഭുതപ്പെടുത്തുന്ന ലേഡീ സൂപ്പർസ്റ്റാർ ആണ്.
മലയാളത്തിൽ ആണ് അരങ്ങേറ്റം എങ്കിലും പിന്നീട് തമിഴ് സിനിമയിലേക്കും അവിടെ നിന്നും തെലുങ്കിലേക്കും, ഒടുവിൽ ബോളിവുഡിലേക്കും ഉള്ള നയന്‍താരയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. വെള്ളിത്തിരയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന 20 വിജയവർഷങ്ങൾ പിന്നിട്ടാണ് നയൻ താര നാൽപതാം ജന്മദിനം ആഘോഷിക്കുന്നത്.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും തിരിച്ചടികളുമെല്ലാം പലപ്പോഴും വേട്ടയാടിയപ്പോഴും സിനിമയില്‍ , തന്റെ കരിയറില്‍ അവൾ എന്നും മിന്നും താരം ആയിരുന്നു
താരചക്രവർത്തിമാർ മാത്രം അരങ്ങ് വാഴുന്ന തമിഴകത്ത് നയൻതാരക്ക് വേണ്ടി നായികാ കേന്ദ്രീകൃത സിനിമകൾ തീയറ്ററുകളെ ഇളക്കിമറിച്ചതോടെയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം മലയാളികളുടെ സ്വന്തം നയൻസിന് സ്വന്തമായത്. 2 പതിറ്റാണ്ടിനിടെ താരസുന്ദരിമാർ പലരും വന്നുപോയെങ്കിലും തെന്നിന്ത്യയുടെ അന്നത്തെയും ഇന്നത്തെയും ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഇന്നും നയന്‍താര തന്നെയാണ്.
ഇന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്കപ്പുറം വിഘ്നേഷിന്റെ പ്രിയപ്പെട്ട ഭാര്യയും ഉയിരിന്റെയും ഉലകിന്റെയും സൂപ്പര്‍ മമ്മിയും ആണ് നയന്‍താര. ആരാധകരുടെ പ്രിയ ഫാമിലിയായി മാറിയതിനാൽ തന്നെ താരറാണിയുടെ നാൽപതാം ജന്മദിനം വലിയ ആഘോഷമാകും.
Discussion about this post