എറണാകുളം: ഭീകരാക്രമണ കേസ് പ്രതിയുമായ അബ്ദുൾ നാസർ മഅദനിയുടെ വീട്ടിൽ മോഷണം. സ്വർണവും പണവും മോഷണം പോയി. സംഭവത്തിൽ മഅദനിയുടെ സഹായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി ഷഹാന മൻസിലിൽ റംഷാദ് ആണ് അറസ്റ്റിലായത്.
കലൂർ ദേശാഭിമാനി റോഡിലുള്ള മഅദനിയുടെ വീട്ടിൽ നിന്നാണ് സ്വർണവും പണവും മോഷണം പോയത്. ഏഴ് പവൻ സ്വർണവും 7500 രൂപയും ആയിരുന്നു റംഷാദ് മോഷ്ടിച്ചത്. ഇവിടെ കഴിയുന്ന മഅദനിയുടെ പിതാവിനെ ശുശ്രൂഷിക്കാൻ എത്തിയതായിരുന്നു റംഷാദ്. വീട്ടിൽ കഴിയുന്നതിനിടെ പല തവണകളായി ഇയാൾ സ്വർണം കവരുകയായിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അലമാരയിൽ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി വ്യക്തമായത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംശയത്തെ തുടർന്ന് റംഷാദിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന് പിന്നിൽ റംഷാദാണെന്ന് വ്യക്തമായത്.
ഇയാളിൽ നടത്തിയ ശരീര പരിശോധനയിൽ മലദ്വാരത്തിൽ നിന്നും രണ്ട് പവന്റെ കൈ ചെയിൻ കണ്ടെടുത്തു. വീട്ടിൽ നിന്നും എടുത്ത സ്വർണം വിൽക്കാനായി കൂട്ടുകാരന് നൽകിയെന്നാണ് റംഷാദിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടുകാരനായി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം ഉൾപ്പെടെ 30 ഓളം കേസുകളിൽ പ്രതിയാണ് റംഷാദ്.
Discussion about this post