തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം ആകുന്നത്. ചക്രവാതചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദം ആകാനാണ് സാധ്യത. അങ്ങിനെയെങ്കിൽ മഴ വീണ്ടും ശക്തമാകും.
വ്യാഴാഴ്ചയോടെയാകും ന്യൂനമർദ്ദം ആകുക. ഇതിന് പുറമേ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ഈ ചക്രവാതചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം.
നിലവിൽ കേരളത്തിൽ തുലാവർഷം ദുർബലമാണ്. എന്നാൽ ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി 26 ന് ശേഷം മഴ സജീവമാകും. അതേസമയം മഴ ലഭിക്കുമെങ്കിലും ഒരു ജില്ലയിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിക്കും എന്നാണ് സൂചന. മോശം കാലവസ്ഥയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ തീരമേഖലയിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post