മോസ്‌കോ : പാശ്ചാത്യ രാജ്യങ്ങൾക്കും യുക്രൈയ്‌നുമെതിരെ ആവശ്യമുള്ളപ്പോൾ ആണാവായുധങ്ങൾ ഉപയോഗിക്കാമെന്ന ഉത്തരവിൽ ഒപ്പിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിൻ ഉത്തരവിൽ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിന് അമേരിക്ക യുക്രൈയ്ൻ അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന നീക്കം.
റഷ്യ എല്ലായ്പ്പോഴും ആണവായുധങ്ങളെ പ്രതിരോധത്തിനുള്ള ഉപാധിയായാണ് കാണുന്നതെന്നും റഷ്യയ്ക്ക് നിർബന്ധിതമായി’ തോന്നിയാൽ മാത്രമേ അവ വിന്യസിക്കുകയുള്ളൂവെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിന് യുക്രൈയ്ന് മേലുള്ള വിലക്ക് നീക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ഇതിന് പുറമേ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രൈയ്ൻ തീരുമാനിച്ചാൽ റഷ്യയും അതിന് അനുസൃതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്ന് പുടിൻ പറഞ്ഞതായും പെസ്‌കോവ് വ്യക്തമാക്കിയിരുന്നു.
ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ദിമിത്രി പെസ്‌കോവ് മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. യുക്രൈയ്നെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം.
യുക്രൈയ്‌നിനെതിരായ ഏകദേശം മൂന്ന് വർഷത്തെ യുദ്ധത്തിനിടെ പുടിൻ പലതവണ ആണവ ഭീഷണി പുറപ്പെടുവിച്ചിരുന്നു. പരമ്പരാഗത ആയുധങ്ങൾ മാത്രമാണെങ്കിലും വലിയ വ്യോമാക്രമണമുണ്ടായാൽ ആണവ ആക്രമണത്തിന് റഷ്യ തയാറാകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
Discussion about this post