സർപ്രൈസുകൾ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രിയപ്പെട്ടവര്‍ക്കായി സർപ്രൈസുകൾ കരുതിവയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡ് ആവാറുണ്ട്. അത്തരത്തിൽ ഏറെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് തന്റെ ഭാര്യയ്ക്കായി ഒരുക്കിയതാണ് ഈ സർപ്രൈസ്. വിമാനം പറത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ മൈക്രോഫോണിലൂടെ അതേ വിമാനത്തിലെ തന്നെ യാത്രക്കാരിയായ തൻ്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അപ്രതീക്ഷിതമായ ഭാര്യയെ മാത്രമല്ല വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെയും അത്ഭുതപ്പെടുത്തിയ ആ അറിയിപ്പ് ഇങ്ങനെയായിരുന്നു; ‘ഇൻഡിഗോയെ നിങ്ങളുടെ യാത്രാ പങ്കാളിയായി തിരഞ്ഞെടുത്തതിന് നന്ദി. ഭാവിയിലും നിങ്ങളോടൊപ്പം വീണ്ടും സഞ്ചരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനോടൊപ്പം, ഇന്ന് വിമാനത്തിലുള്ള ഒരു സ്പെഷ്യല്‍ യാത്രക്കാരിക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ് നടത്താൻ ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഭാര്യ വിഭാ ശർമ്മ, അവൾ ആദ്യമായി എന്നോടൊപ്പം പറക്കുകയാണ്, നീ വിമാനയാത്ര ആസ്വദിക്കുകയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിജയങ്ങളിലും പരാജയങ്ങളിലും എനിക്ക് കൂട്ടായതിന് നന്ദി. എൻറെ ഏറ്റവും ശക്തിയുള്ള പിന്തുണയായി കൂടെ നിൽക്കുന്നതിന് അതിലേറെ നന്ദി’
ഈ മനോഹരമായ നിമിഷത്തിന്റെ വീഡിയോ വിഭാ ശർമ്മ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അല്പസമയത്തിനുശേഷം അത് നീക്കം ചെയ്തതായാണ് റിപ്പോർട്ട്. ‘എൻ്റെ ഭർത്താവ് വിമാനത്തിനുള്ളിലെ അറിയിപ്പുകൊണ്ട് എന്നെ അത്ഭുതപ്പെടുത്തി, ഞാൻ അദ്ദേഹവുമായി വീണ്ടും പ്രണയത്തിലായി’ എന്ന കുറിപ്പോടെയായിരുന്നു അവര്‍ വീഡിയോ പങ്കുവച്ചത്. വിമാനത്തിൽ കയറുന്നതിനു മുൻപ് ദമ്പതികൾ എടുത്ത ഫോട്ടോകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post