കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കോടികൾ മുടക്കുമ്പോൾ കേരളാ സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ. നാലുമാസമായി ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാർക്കും പരിശീലകർക്കും ശമ്പളം നൽകിയട്ടില്ല. ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനായും പണം നൽകിയിട്ടില്ല.
ഇതേതുടർന്ന് ഹോസ്റ്റലുകളിലേക്ക് മാംസം ഉൾപ്പെടെയുള്ളവ നൽകിയിരുന്ന കടകൾ സാധനങ്ങൾ നൽകുന്നത് നിർത്തി . ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണമാണ് ദിവസവും നൽകുന്നത്. വയനാട്ടിലെ ഒരു ഹോസ്റ്റലിൽ പാചകത്തിനുള്ള ഗ്യാസ് നൽകുന്നത് ഗ്യാസ് ഏജൻസി നിർത്തി. ഇതോടെ ഈ ഹോസ്റ്റലിലെ കുട്ടികൾ ഏറെക്കുറെ പട്ടിണിയിലായ അവസ്ഥയിലാണ്.
ഇത് തുടർന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കായിക താരങ്ങൾ. മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ കായിക മന്ത്രീ’ എന്ന മുദ്രാവാക്യവുമായാണ് സമരം നടത്തുക. വിവിധ ജില്ലകളിലെ കായിക പരിശീലന സ്ഥാപനങ്ങളിലെ നൂറ്റിമുപ്പതോളം ജീവനക്കാരുടെ ശമ്പളമാണ് ഓഗസ്റ്റ് മുതൽ മുടങ്ങി കിടക്കുന്നത്. പരിശീലകരും വാർഡൻമാരും പാചകക്കാരും സ്വീപ്പർമാരും ഇക്കൂട്ടത്തിലുണ്ട്.













Discussion about this post