തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ഉണ്ടായിരുന്നു എന്നാണ് ഡിസി ജീവനക്കാരുടെ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുക. ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പ് ദിവസം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത് . ഇത് വൻ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജൻ പരാതി നൽകിയത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് ഡിസി ബുക്‌സിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ എസ് പിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. പല ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്താൻ ഇ പിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലായിരുന്ന ഡിസി രവി നാട്ടിലെത്തിയിട്ടുണ്ട്. ഡിസി രവിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
ടൈംസ് ഓഫ് ഇന്ത്യ എന്ന ദിനപത്രത്തിലാണ് ഇ.പി ജയരാജന്റെ പുസ്തകത്തിലെ വിവരങ്ങൾ പുറത്തുവന്നത്. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന വിവരങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ അവസരവാദിയാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. അതേസമയം ഉപതിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ പുസ്തകത്തിന്റെ ഭാഗങ്ങൾ ഡി.സി ബുക്സ് പുറത്തുവിട്ടതിന് പിന്നിലെ കാരണം വ്യക്തമല്ല.
Discussion about this post