മുംബൈ : ലോക പ്രശസ്‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആരാധകർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യ സൈറ ഇക്കാര്യം വ്യക്തമാക്കിയത്. 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സൈറ തീരുമാനിച്ചതായി അവരുടെ അഭിഭാഷക വന്ദന ഷാ ആണ് ഔദ്യോഗികമായി അറിയിച്ചത്.
വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി എ ആർ റഹ്‌മാനും എത്തിയിരുന്നു. തങ്ങളുടെ വിവാഹ ബന്ധം 30 വർഷം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും പഴയപടിയാകില്ലെന്ന തിരിച്ചറിഞ്ഞ, എല്ലാം തകർന്ന ഈ നിമിഷത്തിൽ ജീവിതത്തിന് വീണ്ടും അർത്ഥം തേടുകയാണെന്നും റഹ്‌മാൻ പറഞ്ഞു. എക്‌സിലൂടെയായിരുന്നു റഹ്‌മാൻ വൈകാരിക കുറിപ്പ് പങ്കുവച്ചത്.
ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ. ജീവനാംശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവർ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
സിനിമ രംഗത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് ഓസ്കാര്‍ ജേതാവ് കൂടിയായ എആർ റഹ്‌മാന്‍. വിവിധ ഭാഷകളിലായി സംഗീത രംഗത്ത് തിളങ്ങി നില്‍കുന്ന അദ്ദേഹത്തിന്റെ ആസ്തി 1728 മുതൽ 2000 കോടി വരെയാണ്. ഭാര്യ സൈറ ജീവനാംശം ആവശ്യപ്പെടുന്ന പക്ഷം ഈ സ്വത്തിന്റെ പകുതി അവര്‍ക്ക് നല്‍കേണ്ടി വരും. എന്നാല്‍, ഇത്തരം ഒരു ഘട്ടത്തില്‍ ഇരുവരും എത്തിയിട്ടില്ല. രണ്ടുപേരും സൗഹൃദത്തോടെയാണ് പിരിഞ്ഞത്. അതിനാല്‍ തന്നെ തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.
Discussion about this post