ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് പ്രവര്‍ത്തന സജ്ജമായി. സമുദ്രാന്തര്‍ഭാഗത്ത് ഇതിനോടകം പരീക്ഷണങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആയുധങ്ങള്‍ വഹിച്ചു കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തിയെന്നും അതിലൂടെ കപ്പലിന്റെ ശേഷി ഉറപ്പുവരുത്താനായെന്നും അധികൃതര്‍ അറിയിച്ചു.
ഏതു സമയത്തും കമ്മീഷന് ചെയ്യാന്‍ സജ്ജമായിരിക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലപ്പോള്‍ അടുത്ത മാസം തന്നെ കമ്മീഷന് ചെയ്യാന്‍ കഴിഞ്ഞേക്കും. അഡ്വാന്‍സ്ഡ് ടെക്നോളജി വെസ്സല്‍ (എ.ടി.വി.) വിഭാഗത്തില്‍പ്പെടുന്ന ഐ.എന്‍.എസ്. അരിഹന്തിന് 112 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.
ഇതിന്റെ ഭാരശേഷി 6000 ടണ്‍ ആണ്. 100 സേനാംഗങ്ങളെ വഹിക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്. ആണവവാഹക ശേഷിയുള്ള സാഗരിക (കെ15) മിസൈലാണ് ഇതില്‍ പ്രധാനമായും സജ്ജീകരിച്ചിട്ടുള്ളത്. 700 കിലോമീറ്ററാണ് ഈ മിസൈലിന്റെ പ്രഹരശേഷി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികളില്‍ നിന്ന് ഭിന്നമായി ആണവോര്‍ജം ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്.
അരിഹന്ത് എന്ന വാക്കിന്റെ ഹിന്ദി ഭാഷയിലുള്ള അര്‍ത്ഥം ശത്രുവിന്റെ അന്തകന്‍ എന്നാണ്. 2013 ആഗസ്റ്റ് 9നു അരിഹന്ത് അന്തര്‍വാഹിനിയിലെ ആണവറിയാക്ടര്‍ പ്രവര്‍ത്തനക്ഷമമായി. ഇതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മിച്ച്, പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ലോകത്തിലെ ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഇതിനു മുന്‍പ് അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്, ചൈന എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയത്.
Discussion about this post